തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂര്‍ ബ്ലോക്കു പരിധിയിലാണ് കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്ത് ഉള്‍പ്പെടുന്നത്. പുരാതനകാലം മുതല്‍ തന്നെ പ്രഗത്ഭരായ സംസ്കൃത പണ്ഡിതന്മാര്‍, കൃഷിക്കാര്‍, കലാ-സാഹിത്യകാരന്മാര്‍, വൈദ്യശാസ്ത്ര വിദഗ്ദ്ധര്‍, ജ്യോതിഷ പണ്ഡിതന്മാര്‍ തുടങ്ങിയവര്‍ക്ക് ജന്മം നല്‍കിയ പ്രദേശമെന്ന നിലയില്‍ കിളിമാനൂര്‍ പ്രസിദ്ധിയാര്‍ജ്ജിച്ച നാടാണ്. രാജഭരണ കാലത്തു കേള്‍വികേട്ട ഭരണാധികാരികള്‍ കിളിമാനൂര്‍ കൊട്ടാരത്തിലുമുണ്ടായിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമാണ് ഈ കോവിലകത്തിനുണ്ടായിരുന്നത്. സ്റ്റേറ്റ് ഹൈവേ (എസ്.എച്ച്-1) യില്‍ തിരുവനന്തപുരത്തു നിന്നും 38 കി.മീ വടക്കുമാറി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് കിളിമാനൂര്‍. സമീപ പട്ടണമായ ആറ്റിങ്ങലില്‍ നിന്നും 11 കി.മീ വടക്കുകിഴക്കായിട്ടാണ് ഈ പ്രദേശം. ചരിത്ര പ്രസിദ്ധമായ കിളിമാനൂര്‍ കൊട്ടാരം നഷ്ട പ്രതാപത്തോടുകൂടി ഇന്നും കിളിമാനൂര്‍ പഞ്ചായത്തിലെ “ചൂട്ടയില്‍ ” എന്ന പ്രദേശത്ത് തലയുയര്‍ത്തി നില്‍ക്കുന്നു
.
ബ്രീട്ടിഷ് സാമ്രാജ്യത്തിനും അതിന്റെ ദുര്‍ഭരണത്തിനുമെതിരെ ആയുധമെടുത്ത് യുദ്ധം ചെയ്ത തിരുവിതാംകൂര്‍ ദിവാനായിരുന്ന വേലുത്തമ്പി ദളവയ്ക്ക് ഈ കൊട്ടാരവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ചരിത്ര രേഖകള്‍ ഉണ്ട്. ശത്രുപക്ഷത്തെ അരിഞ്ഞു വീഴ്ത്തിയെങ്കിലും സ്വന്തം പരാജയം ഉറപ്പായ ദളവാ തന്റെ ഉടവാള്‍ കിളിമാനൂര്‍ കൊട്ടാരത്തില്‍ ഏല്‍പ്പിച്ചിട്ടാണ് മണ്ണടിയിലേക്ക് യാത്രയായത്. ഈ വാള്‍ തലമുറകളായി കൊട്ടാരത്തിലെ അനന്തരാവകാശികള്‍ വളരെ ഭദ്രമായി സൂക്ഷിച്ചിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം 1956-ല്‍ ഈ വാള്‍, ഭാരതത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് കൊട്ടാരം അധികൃതരില്‍ നിന്നു ഏറ്റുവാങ്ങി രാഷ്ട്രത്തിന് സമര്‍പ്പിച്ചത് മുതിര്‍ന്ന തലമുറയില്‍പ്പെട്ടവര്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും. ഈ കൊട്ടാരത്തിന് തിരുവിതാംകൂര്‍ രാജവംശവുമായി അടുത്ത ബന്ധമുണ്ട്. നാടുനീങ്ങിയ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിതാവ് ഈ കൊട്ടാരത്തിലെ കുടുംബാഗമായിരുന്നു. അതുപോലെ ലോകപ്രശസ്തിയാര്‍ജ്ജിച്ച ചിത്രകാരന്‍ രാജാ രവിവര്‍മ്മയും ഈ കൊട്ടാരത്തിലെ പുത്രനാണ്. കോപിഷ്ഠനായ ദുര്‍വ്വാസാവ് മഹര്‍ഷി ശകുന്തളയെ ശപിക്കുന്ന രംഗവും, നളചരിതത്തിലെ ദമയന്തി അരയന്നത്തിനെ ദൂതുമായയക്കുന്ന രംഗവും ചിത്രത്തിലാക്കാന്‍ വേണ്ട നിറക്കൂട്ട് ഉണ്ടാക്കിയതും അപൂര്‍വ്വ ചിത്രങ്ങള്‍ രചിച്ചതും ഈ കൊട്ടാരത്തില്‍ വച്ചായിരുന്നു. കൊട്ടാരം അധികാരികളുടെ ക്രൂര നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രക്ഷോഭം നയിച്ച ചരിത്രവും ഇവിടെയുണ്ട്. വര്‍ദ്ധിച്ച കരംപിരിവിനെതിരായും ജന്മിത്വത്തിനെതിരായും സംഘടിതമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഇവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത്തരം പ്രക്ഷോഭങ്ങളിലും, സ്വാതന്ത്യ്ര സമരത്തിലും അതിന്റെ ഭാഗമായി നടന്ന കടയ്ക്കല്‍ വിപ്ളവം, കാര്‍ഷിക സമരങ്ങള്‍ എന്നിവയിലും വിദ്യാര്‍ത്ഥികള്‍ നേതൃത്വപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്.
RAJARAVIVARMA
RAJARAVIVARMA's PAINTINGS

